Friday, February 12, 2010

ഇന്ത്യയില്‍ ഇപ്പോഴും അനേകം രാജക്കന്മാരും മഹാരാജക്കന്‍മാരും ഉണ്ട് !!!!!

ഇന്ത്യയില്‍ ഇപ്പോഴും അനേകം രാജക്കന്മാരും മഹാരാജക്കന്‍മാരും നവാബുമാരുമുണ്ട്.അവര്‍ വളരെ വിശേഷമായ വസ്ത്രങ്ങള്‍ ധരിച്ചു വളരെ വില പിടിച്ച കാറുകളില്‍ സഞ്ചരിക്കുന്നതും അവരുടെ സ്വന്തം ആവശ്യങ്ങള്‍ക്കായി ധാരാളം പണം ചെലവാക്കുന്നതും നാം കാണുന്നു. അവര്‍ക്ക് ഈ പണമെല്ലാം എവിടെ നിന്നുകിട്ടുന്നു. ജനങ്ങളില്‍ നിന്ന് പിരിക്കുന്ന നികുതിയാണ് അത്. സ്‍കൂളുകള്‍, ആസ്പത്രികള്‍, ഗ്രന്ഥശാലകള്‍, കാഴ്ചബംഗ്ളാവുകള്‍, നല്ല നിരത്തുകള്‍ എന്നിങ്ങനെ പൊതുജനങ്ങള്‍ക്ക് സഹായകരവും ഗുണകരവുമായ ആവശ്യങ്ങള്‍ക്കുപയോഗിക്കുവാനുള്ള പണമാണ് അവര്‍ പിരിക്കുന്ന നികുതി. എന്നാല്‍ നമ്മുടെ രാജാക്കന്‍മാരും മഹാരാജാക്കന്‍മാരും ഇപ്പോഴും, പണ്ടു ഫ്രാന്‍സിലെ രാജാവു വിചാരിച്ചതു പോലെ 'രാജ്യവും ഞാനും ഒന്നു തന്നെ' എന്നാണ് വിചാരിക്കുന്നത്. അവര്‍ ജനങ്ങളുടെ പണം സ്വന്തം സുഖങ്ങള്‍ക്കായി ചെലവാക്കുന്നു. ഇവര്‍ സുഖലോലുപരായി ജീവിക്കുമ്പോള്‍, ക്ലേശിച്ച് വേലചെയ്ത് അവര്‍ക്കു പണം കൊടുക്കുന്ന പ്രജകള്‍ പട്ടിണി കിടക്കുകയും അവരുടെ കുട്ടികള്‍ക്ക് പഠിക്കുവാന്‍ പള്ളിക്കൂടങ്ങളില്ലാതെ കുഴങ്ങുകയും ചെയ്യുന്നു.

...................... ജവഹര്‍ലാല്‍ നെഹ്റു
ഇപ്പോഴത്തെ രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും(bureaucracy) ഇത് ബാധകമാണ്; പഴയ രാജാക്കന്‍മാരുടേയും മഹാരാജാക്കന്‍മാരുടേയും സ്ഥാനം ഇപ്പോള്‍ അവരാണ് വഹിക്കുന്നത്

മതം

മതം ആദ്യമായി ആവിര്‍ഭവിച്ചത് ഭയരൂപത്തിലാണ്. ഭയം കൊണ്ടുമാത്രം ചെയ്യുന്നതെന്തായാലും അതു ദോഷമാണ്.
............................. ജവഹര്‍ലാല്‍ നെഹ്റു

സംസ്കാരം

നല്ല കെട്ടിടങ്ങള്‍, നല്ല ചിത്രങ്ങള്‍, പുസ്തകങ്ങള്‍ എന്നുതുടങ്ങിയ എല്ലാ വിശിഷ്ടവസ്തുക്കളും സംസ്കാരത്തിന്റെ ലക്ഷണങ്ങള്‍ തന്നെയാണ്. എന്നാല്‍ സ്വാര്‍ത്ഥം കൂടാതെ സകലരുടേയും ഉത്കര്‍ഷത്തില്‍ മറ്റുള്ളവരോട് യോജിച്ചു പ്രവൃത്തി ചെയ്യുന്ന ഒരു വിശിഷ്ടപുരുഷനാണ് ഒരു രാജ്യത്തിലെ സംസ്കാരത്തിന്റെ ഉത്തമലക്ഷണം. ഒറ്റയ്‍ക്കു പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ നല്ലത് മറ്റുള്ളവരോട് ചേര്‍ന്ന് സകലരുടെയും നന്മയ്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതാണ് ഏറ്റവും ഉത്കൃഷമായിട്ടുള്ളത്.
........................................ ജവഹര്‍ലാല്‍ നെഹ്റു

ഇന്ത്യക്കാരായ നാം ചെയ്യേണ്ടത്

ഇന്ത്യക്കാരായ നാം ഇന്ത്യയില്‍ ജീവിക്കുകയും ഇന്ത്യയ്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതാണ്. എന്നാല്‍ നാം വിപുലമായ ഒരു ലോക കുടുംബത്തിലെ അംഗങ്ങളാണെന്നും അന്യരാജ്യക്കാരും നമ്മുടെ ചാര്‍ച്ചക്കാര്‍തന്നെയാണെന്നും നാം മറക്കരുത്. ലോകത്തിലുള്ള സകല ജനങ്ങളും സുഖവും സംതൃപ്തിയുമുള്ളവരാണെങ്കില്‍ അതെത്ര നല്ല കാര്യമാണ്? അതുകൊണ്ട് ഈ ലോകം മനുഷ്യജീവിതത്തിനു കൂടുതല്‍ സുഖമുള്ള ഒരു സ്ഥലമാക്കിത്തീര്‍ക്കുവാന്‍ നാം പ്രയത്നിക്കേണ്ടതാണ്.
................................................ ജവഹര്‍ലാല്‍ നെഹ്റു