Sunday, March 1, 2009

ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളുടെ ജനനം രജിസ്റ്റര്‍ ചെയ്യല്‍


അനാഥരും ഉപേക്ഷിക്കപ്പെട്ടവരും നിരാലംബരുമായ കുട്ടികളുടെ ജനനം രജിസ്റ്റര്‍ ചെയ്യുന്നതിന് പുതിയ മാര്‍ഗനിര്‍‌ദ്ദേശം പുറപ്പെടുവിച്ചു. അംഗീകൃത അഡോപ്ഷന്‍ പ്ലേസ്‌മെന്റ് ഏജന്‍സികള്‍ മുഖേന കുട്ടിയെ ദത്തെടുക്കുന്ന കേസുകളില്‍ ജനനം രജിസ്റ്റര്‍ ചെയ്യുന്നതിനായി ഏജന്‍സി സ്ഥിതിചെയ്യുന്ന സ്ഥലത്തെ തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ അപേക്ഷിക്കണം. ദത്തെടുക്കല്‍ അനുവദിക്കുന്ന കോടതി ഉത്തരവില്‍ പറയുന്ന ജനന തീയതി രജിസ്ട്രാര്‍ അംഗീകരിച്ച് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഇത്തരം കേസുകളില്‍ ഡി.എം.ഒയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമല്ല. ജുഡീഷ്യല്‍ കോടതി ഉത്തരവ് ഉള്ളതിനാല്‍ ആര്‍.ഡി.ഒയുടെ അനുവാദം ആവശ്യമില്ല.

കുഞ്ഞുങ്ങളെ ലഭ്യമായാല്‍ ഉടനെ സ്ഥാപനങ്ങളുടെ നടത്തിപ്പ് ചുമതലക്കാര്‍ ജനനം രജിസ്റ്റര്‍ ചെയ്യുന്നതിന് നടപടി സ്വീകരിക്കണം. ജനന തീയതി സംബന്ധിച്ച സത്യവാങ്ങ്മൂലം നോട്ടറിയോ ഗസറ്റഡ് ഉദ്യോഗസ്ഥനോ സാക്ഷ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ ജനനം രജിസ്റ്റര്‍ ചെയ്‌ത് നല്‍കണം.

സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ ലഭിക്കുന്ന കുട്ടികളുടെ രക്ഷിതാവായി സ്ഥാപനത്തിന്റെ പേര് റിമാര്‍ക്സ് കോളത്തില്‍ രേഖപ്പടുത്താം. മാതാപിതാക്കളുടെ പേരും വിലാസവും രേഖപ്പെടുത്തേണ്ട.

കുട്ടിയെ ദത്തെടുത്തശേഷം ജനന രജിസ്റ്ററില്‍ ദത്തെടുത്ത മാതാപിതാക്കളുടെ പേര് ചേര്‍ത്തും ആവശ്യമെങ്കില്‍ അപേക്ഷ പ്രകാരം കുട്ടിയുടെ പേരില്‍ മാറ്റം വരുത്തിയും ജനന സര്‍ട്ടിഫിക്കറ്റ് നല്‍കണം.

ജനന സര്‍ട്ടിഫിക്കറ്റിന് അപേക്ഷ ലഭിച്ച് 10 ദിവസത്തിനകം ബന്ധപ്പെട്ട രജിസ്‌ട്രാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഉത്തരവിലെ നിര്‍‍ദേശങ്ങള്‍ എല്ലാ രജിസ്‌ട്രാര്‍മാരും കര്‍ശനമായി പാലിക്കണം.